അരിക്കൊമ്പൻ ഇനി കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ
തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്.ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്.
മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു.