എബിസി പാളി. ഭീഷണിയായി തെരുവ് നായ്ക്കൾ
പാലക്കാട് : തെരുവുനായ് ശല്യം പാലക്കാട് ജില്ലയിൽ അപകടകടമായി വര്‍ധിക്കുന്നു.സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി (എബിസി) നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ ശല്യം കുറയുന്നില്ല. ആവശ്യത്തിന് എബിസി സെന്ററുകൾ ഇല്ലാത്തതാണു കാരണം. ജില്ലയിൽ 13 ബ്ലോക്കുകളിൽ ആകെ 4 എണ്ണത്തിൽ മാത്രമാണു തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള സെന്ററുകൾ ഉള്ളത്. ബാക്കി 9 ബ്ലോക്കുകളിൽ എബിസി കേന്ദ്രങ്ങൾ ഇല്ല.
4 സെന്ററുകളിൽ നായ്ക്കളെ വന്ധ്യംകരിക്കുമ്പോൾ ഇതിന്റെ എത്രയോ ഇരട്ടിയാണ് ഇതര ബ്ലോക്കുകളിൽ പെറ്റുപെരുകുന്നത്. ഫലത്തിൽ ജില്ലയിൽ തെരുവുനായ്ക്കൾ കൂടുന്നതയേള്ളൂ. എല്ലാ ബ്ലോക്കുകളിലും ഒരുമിച്ചു വന്ധ്യംകരണ പദ്ധതി നടപ്പാക്കിയാൽ മാത്രമേ തെരുവുനായ ശല്യം ഫലപ്രദമായി നിയന്ത്രിക്കാനാകൂ. ജില്ലാ മൃഗസംരക്ഷണ വകുപ്പ് വിശദ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തദ്ദേശസ്ഥാപന തലത്തിൽ വേണ്ടവിധത്തിൽ തുടർനടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്തിട്ടും പല തദ്ദേശസ്ഥാപനങ്ങളും സെന്ററുകൾ ആരംഭിക്കാൻ വിസമ്മതിക്കുകയാണ്.

