ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭ
ന്യൂഡൽഹി ∙ കേരള നിയമസഭ മറ്റൊരു ചരിത്രത്തിനു സാക്ഷിയാവുന്നു.ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റിവിന്റെ പഠനറിപ്പോർട്ട്. 41 ദിവസം സഭ ചേർന്നു. ദേശീയ ശരാശരി 21 ദിവസമാണ്.
സമ്മേളന ദിവസങ്ങളുടെ സമയ ദൈർഘ്യത്തിലും കേരളം ശരാശരിയേക്കാൾ മുകളിലാണ്. ദേശീയ ശരാശരി 5 മണിക്കൂറാണ്. കേരളത്തിൽ ഇത് 6 മണിക്കൂറാണ്. കഴിഞ്ഞ 7 വർഷവും സമ്മേളന ദിവസങ്ങളിൽ കേരള നിയമസഭയാണു മുന്നിൽ.
ബജറ്റും ബില്ലുകളും ഏറ്റവും കൂടുതൽ സമയം ചർച്ച ചെയ്യുന്നതും കേരളത്തിലാണ്. ബജറ്റ് ചർച്ചയുടെ ദേശീയ ശരാശരി 8 ദിവസമാണെങ്കിൽ കേരളത്തിൽ 14 ദിവസമാണ്.
മറ്റു സംസ്ഥാനങ്ങൾ 5% ബില്ലുകൾ മാത്രം സഭാ സമിതികളുടെ പരിഗണനയ്ക്കു വിട്ടപ്പോൾ കേരളം 80% ബില്ലുകളും സമിതികൾക്കു വിട്ടു.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പാസാക്കിയതും കേരളം തന്നെ– 15 എണ്ണം. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓർഡിനൻസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2021 ൽ 144 ഉം 2020 ൽ 81 ഉം ഓർഡിനൻസുകളാണു കേരളം പാസാക്കിയത്. കഴിഞ്ഞ വർഷം രാജ്യമാകെ 79 ഓർഡിനൻസുകളാണു പുറപ്പെടുവിച്ചത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയാണ് രണ്ടാമത്– 13 എണ്ണം.