ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് വൻ ദുരന്തം
ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് വൻ ദുരന്തം . ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് അപകടത്തിന്റെ തീവ്രത കൂട്ടി. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി.
അപകടത്തിൽ 50 പേർ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികൾ മറിഞ്ഞു. ഇതുവരെ അൻപതോളം ആംബുലൻസുകൾ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.