കീറാമുട്ടിയായി തൃക്കാക്കര
കാക്കനാട്∙ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനു തലവേദനയാകുന്നു.തൃക്കാക്കര നഗരസഭാധ്യക്ഷസ്ഥാനം രാജി വയ്ക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. ഇന്നലെ അജിത നഗരസഭ ഓഫിസിൽ എത്തിയില്ല. കോൺഗ്രസിനകത്തെ ധാരണപ്രകാരമാണ് അജിതയോടു രാജി വയ്ക്കാൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർദേശിച്ചത്. പകരം അധ്യക്ഷയാകേണ്ട രാധാമണി പിള്ളയെ കുറിച്ചുള്ള പരാതികൾ അജിത തങ്കപ്പനും അവരെ അനുകൂലിക്കുന്നവരും ഉന്നയിക്കുന്നുണ്ടെങ്കിലും രാജിക്കു ശേഷമേ ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്കെടുക്കാനാകൂയെന്നാണ് ഡിസിസിയുടെ നിലപാട്. അജിത തങ്കപ്പനും അനുകൂലികളും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ യുഡിഎഫിനു വിരുദ്ധ നിലപാടാണ് രാധാമണി പിള്ളയും അവർക്കൊപ്പം നിൽക്കുന്നവരും സ്വീകരിച്ചതെന്നാണ് പരാതി. അതേസമയം സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 13 യുഡിഎഫ് കൗൺസിലർമാർ വോട്ടു മറിച്ചു ചെയ്തെന്നാണ് മറുവിഭാഗത്തിന്റെ വാദം. പ്രശ്നം വഷളാക്കുന്ന അവസ്ഥയിലേക്ക് നീങ്ങില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാജിയുണ്ടാകാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച അജിത രാജിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ഇന്നും നാളെയും അവധിയായതിനാൽ രാജിക്കത്ത് കൈമാറാനാകില്ല. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ഉമ തോമസ് എംഎൽഎയുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച രാത്രി വിളിച്ചു ചേർത്ത കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് അജിത തങ്കപ്പനോട് രാജി വയ്ക്കാൻ പാർട്ടി നിർദേശിച്ചത്.

