കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ്
തിരുവനന്തപുരം∙ കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ് ഇന്നു രാവിലെ 11നു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു . ആദ്യഘട്ടത്തിൽ 55 ഡിപ്പോകളിലാണു കുറിയർ ഓഫിസുകൾ തുറക്കുന്നത്. സംസ്ഥാനത്തിനു പുറത്തു ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും ഓഫിസുണ്ടാകും. ചെന്നൈയിൽ അടുത്ത മാസം തുടങ്ങും. മറ്റെല്ലാ കുറിയർ ഏജൻസികളെക്കാളും കുറച്ചു പണം മാത്രമേ ഇൗടാക്കൂ എന്നു കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
14 ജില്ലകളെയും റോഡു മാർഗം മണിക്കൂറുകൾക്കകം ബന്ധിപ്പിക്കുന്ന സർവീസുകൾ കെഎസ്ആർടിസിക്കുണ്ട്. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കുറിയർ / പാഴ്സൽ കൈമാറാൻ കഴിയുമെന്നു കെഎസ്ആർടിസി ഉറപ്പു നൽകുന്നു. വർഷം 100 കോടിയുടെ വരുമാനമാണു ലക്ഷ്യമിടുന്നത്. ഡിപ്പോയിലെ കുറിയർ സർവീസ് ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും വിവരങ്ങൾ മെസേജായി ഫോണിൽ ലഭിക്കും. കുറിയർ വാങ്ങാനും കൊടുക്കാനും വരുന്നവർ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കരുതണം. 3 ദിവസത്തിനകം കുറിയർ കൈപ്പറ്റാതെയിരുന്നാൽ പിഴയീടാക്കും.