കെജ്‌രിവാളിന് ഇന്ന് നിർണ്ണായകം.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിർണ്ണായകം. മദ്യനയ അഴിമതിക്കേസിൽ ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദങ്ങൾ പൂർത്തിയായി വിധി പറയാൻ മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്നാണ് കെജ്രിവാളിന്റെ വാദം. അന്വേഷണമില്ലാതെയാണ് അറസ്റ്റ് എന്നും പിഎംഎൽഎ ചട്ടം 50 അനുസരിച്ചു മൊഴിയെടുക്കാൻ പോലും ഇഡി ശ്രമിച്ചില്ല എന്നും കേജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ് വി വാദിച്ചു.
കള്ളപ്പണ ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, എഎപിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം കൺവീനർ കൂടിയായ കെജ്രിവാളി നുണ്ടെന്നും, ASG എസ് വി രാജു വാദിച്ചു.
മാര്‍ച്ച് 21-നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ അന്ന് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല.
പിന്നീട് സി.ബി.ഐ. പ്രത്യേക കോടതിയാണ് 28 വരെ കെജ്‌രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് ഡല്‍ഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഏപ്രില്‍ ഒന്നുവരെ നീട്ടുകയായിരുന്നു. കസ്റ്റഡിയിലിരുന്ന് ഭരണം നടത്തുമെന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനവും വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇ.ഡി. കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇതിനിടെ ഹൈക്കോടതി തള്ളിയിരുന്നു.
ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഏപ്രില്‍ ഒന്നിന് അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി. ഇതിന്റെ ഭാഗമായി അദ്ദേഹം തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. ഭഗവദ്ഗീതയും രാമായണവും ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ കൈവശം വെക്കാനും വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കാനും കോടതി കെജ്‌രിവാളിന് അനുവാദം നല്‍കിയിരുന്നു.