കൊറിയക്കാരുടെ പ്രായം 2 വയസ്സ് കുറയും.
സോൾ ∙ പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്നിരുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാൻ ദക്ഷിണ കൊറിയ തീരുമാനിച്ചു. ഇന്നു മുതലാണ് ദക്ഷിണ കൊറിയക്കാർ പ്രായഗണനയ്ക്കു രാജ്യാന്തര മാതൃക സ്വീകരിക്കുന്നത്. ഇതോടെ എല്ലാ കൊറിയക്കാരുടെയും പ്രായം 2 വയസ്സ് വരെ കുറയും.
ഇതുവരെ പിന്തുടർന്നിരുന്ന കൊറിയൻ രീതി പ്രകാരം ജനിച്ചുവീഴുന്ന കുട്ടിക്ക് ഒരു വയസ്സാണ് പ്രായം. പിന്നീടു വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ്സ് തികയും. ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ്സ് തികയുമെന്നർഥം. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസ്സും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസ്സും തികയുന്ന പൊതുരീതിയാണ് പിന്തുടരുക. എന്നാൽ, സ്കൂൾ അഡ്മിഷൻ, നിർബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളിൽ പൊതുരീതി പിന്തുടരുമ്പോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിർണയിക്കുക.