ഗാന്ധിസ്ക്വയറിൽ ഇനി രാഷ്ട്രീയയോഗങ്ങൾക്ക് വിട.
കോട്ടയം : ഗാന്ധിസ്ക്വയറിൽ ഇനി രാഷ്ട്രീയയോഗങ്ങൾക്ക് വിട. ഇവിടെ ദിവസങ്ങൾക്കു മുൻപ് ഒരു ബോർഡ് ഉയർന്നു. ഹൈക്കോടതി വിധിപ്രകാരം; സമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയൊന്നും നടത്താൻ പാടില്ല. ഇതായിരുന്നു ബോർഡിലെ ഉള്ളടക്കം. വർഷങ്ങൾക്കു മുൻപ് ഗാന്ധിപ്രതിമയ്ക്കു മുൻപിലെ ഒരു സമ്മേളനത്തിനിടെ പ്രതിമയിലുൾപ്പെടെ കൊടിയും തോരണവും കെട്ടിയ സംഭവമുണ്ടായിരുന്നു.
അതിനെതിരെ സ്വകാര്യവ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങളൊന്നും ഇവിടെ നടത്തരുതെന്ന് കോടതി തീരുമാനിച്ചത്. എന്നാൽ നാളുകളിത്രയായിട്ടും ബോർഡ് സ്ഥാപിച്ചിരുന്നില്ല. എണ്ണിയാൽ തീരാത്ത പ്രതിഷേധങ്ങളും പ്രകടനങ്ങളും പിന്നീടും ഇവിടെ നടന്നു.ബോർഡ് പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ സമ്മേളനങ്ങൾ പഴയ ബസ് സ്റ്റാൻഡ് കെട്ടിടമുൾപ്പെടെ പല ഭാഗങ്ങളിലേക്ക് മാറ്റി. നഗരസഭ പരിധിയിലുള്ള പ്രധാന സ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ബോർഡ് സ്ഥാപിച്ചത്.