NRI News

ജനാധിപത്യത്തെ നോക്കുകുത്തികളാക്കുന്നവര്‍

കാരൂര്‍ സോമന്‍, ലണ്ടന്‍

സന്ധ്യാപ്രകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെപോലെയാണ് ബ്രിട്ടനിലെ ജനാധിപത്യം എന്തെന്ന് ലോകത്തെ പഠിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന് കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇടാഞ്ഞതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തി. ലോക ജനത സന്തോഷം നിറഞ്ഞ മിഴികളോടെയാണ് ആ കാഴ്ച്ച കണ്ടത്. ജനാധിപത്യത്തിന്റ മറവില്‍ ഏകാധിപതികള്‍ ഭരിക്കുന്ന നാട്ടിലെങ്കില്‍ പോലീസ് സല്യൂട്ട് ചെയ്യും. കാരണം സ്റ്റാലിനെപ്പോലുള്ള ഏകാധിപതികളെ പോലീസ് ഭയക്കുന്നു. ഇതിന് മുന്‍പും ഒരു ബ്രിട്ടീഷ് എം.പി. തന്റെ പൂന്തോട്ടത്തിലെ ജോലിക്ക് സര്‍ക്കാര്‍ പണം എഴുതിയെടുത്തത് തിരികെ വാങ്ങിയിട്ട് താക്കിത് ചെയ്തു. എന്റെ ഫിന്‍ലന്‍ഡ് യാത്രയില്‍ അവിടെ കണ്ടൊരു കാഴ്ച്ച വനിതാ പ്രധാനമന്ത്രി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഭക്ഷണത്തിന് പണമെടുത്തത് തിരികെ വാങ്ങി താക്കിത് ചെയ്തു. ദരിദ്ര രാജ്യങ്ങളിലെ അധികാരികള്‍ വിരുന്നുകള്‍ മാത്രമല്ല, പാവങ്ങളുടെ നികുതി പണം ധൂര്‍ത്തടിച്ചു ചിറകുകള്‍ വിടര്‍ത്തി ലോകമെങ്ങും സഞ്ചരിക്കുന്നു. നീതിന്യായ വകുപ്പുകളെ അട്ടിമറിക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ഇത് വെളിവാക്കുന്നത് പ്രധാനമന്ത്രിക്കും മുകളിലാണ് ജനാധിപത്യം എന്നാണ്. ചില ഭരണാധിപന്മാര്‍ക്ക് ജനാധിപത്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെയാണ്. സമൂഹത്തില്‍ അറിവും സംസ്‌കാരവും വളരുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത്യാര്‍ത്തി വര്‍ദ്ധിക്കുന്നു. അധികാരഭാരത്താല്‍ ആലസ്യംപൂണ്ട മഴമേഘങ്ങളെപോലെ ഇവര്‍ തിമിര്‍ത്താടുന്നു.

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റ രാജിക്ക് കാരണമായത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നതാണ്. അവരുടെ പരാതി ഒരു സ്വതന്ത്ര സംഘം അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തി, അത് രാജിയില്‍ എത്തിച്ചു. ലോകത്ത് എത്രയോ ജനാധിപത്യ രാജ്യങ്ങളുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഏതെങ്കിലും മന്ത്രിമാര്‍ രാജിവയ്ക്കുമോ? സ്വതന്ത്ര അന്വഷണങ്ങള്‍ പലപ്പോഴും പ്രഹസനമായി കാണാറുണ്ട്. പരസ്പരം കൈകോര്‍ക്കുന്ന നമ്മുടെ എത്രയോ മന്ത്രിമാര്‍ ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുന്നു. അവര്‍ക്കെതിരെ ഒരു നടപടിയും കണ്ടിട്ടില്ല. അഥവാ നടന്നാല്‍ അണികളോട് പൊരുതാന്‍ പറയും. രാഷ്ട്രീയ രംഗത്ത് കാണുന്ന കാപട്യവും സ്വാര്‍ത്ഥതയും മാറാതെ വേദനയുടെ തീച്ചൂളയില്‍ കഴിയുന്നവരെ കാണാതെ പോയാല്‍ ആ ഭരണത്തെ മനുഷ്യര്‍ ശപിക്കുകതന്നെ ചെയ്യും. നമ്മള്‍ ഒരു ചമന്തിപ്പരുവത്തില്‍ ഇതെല്ലം സഹിക്കുന്നു. ഇതിനിടയില്‍ ഉടലെടുക്കുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ എത്രയോ മോശമായിട്ടാണ് നികുതിദായകരോട് പെരുമാറുന്നത്? ഈ കുട്ടരില്‍ ബഹുഭൂരിപക്ഷവും കൈക്കൂലി, അഴിമതി വീരന്മാരാണ്. ഓരോ ആവശ്യങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്നവര്‍ നിരാശരായി, നിര്‍വികാരരായി മടങ്ങിവരുന്ന അവസ്ഥ വലുതാണ്. സമൂഹത്തില്‍ കൈക്കൂലി വലിയൊരു വിടവ് സൃഷ്ടിച്ചിരിക്കുന്നു. ഇന്നത്തെ ഈ വ്യവസ്ഥിതി ഇന്ത്യയെ ഒരു ആധുനിക ബൂര്‍ഷ്വാവികാസത്തിലേക്ക് കൊണ്ടുപോകുകയല്ലേ?

കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ്. ‘ഓരോ ഫയലും ഓരോ ജീവിതമാണ്’. വളരെ സത്യമാണ്. ഓരോ ഫയലും ജീവന്റെ തുടിപ്പുകളുള്ളതാണ്. അലസന്മാരും മടിയന്മാരുമായ എത്രപേര്‍ അതനുസരിച്ചു? അവരുടെ ജോലിപോലെ ഒച്ചിന്റെ വേഗതയിലാണ് ഫയലുകള്‍ നീങ്ങുന്നത്. അവര്‍ ഓരോ ഫയലിലും പഴുതുകള്‍ കണ്ടെത്തി ഒന്നുകില്‍ അവഗണിക്കുന്നു അല്ലെങ്കില്‍ കൈക്കൂലിക്കായി കാത്തിരിക്കുന്നു. ഇവര്‍ സത്യസന്ധരായ ജോലിക്കാരെങ്കില്‍ എന്തിനാണ് കോടതി ഇടപെട്ടത്? ചീഫ് സെക്രട്ടറി കോടതിക്ക് മുന്നില്‍ നില്‍ക്കേണ്ടിവന്നത്? ഈ ഉദ്യോഗവര്‍ഗ്ഗത്തെ വഴി തെറ്റിക്കുന്നത് ആരാണ്? പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ സവിശേഷത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യങ്ങളുമായി വരുന്നവരെ പ്രീണിപ്പിക്കുന്നതല്ല. ഓരോ ഫയലും ഉദ്യോഗസ്ഥരുടെ ബാദ്ധ്യതയായി ഏറ്റെടുക്കുന്നു. മടിശീലയോടുള്ള ആര്‍ത്തി ആര്‍ക്കുമില്ല. സര്‍ക്കാര്‍ ജോലികള്‍, മന്ത്രി കസേരകള്‍ ആരും പൊങ്ങച്ചമായി കാണുന്നില്ല. ജനാധിപത്യം അരാജകത്വത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നില്ല. ആരും ഒരു സ്ഥാപനങ്ങളെയും തങ്ങളുടെ പിടിയിലമര്‍ത്തുന്നില്ല. അവരുടെ സാഹിത്യ സംസ്‌കാരംപോലെ പ്രകൃതി സംരക്ഷണം പോലെ ഓരോ പൗരന്റെ അവകാശപ്പെട്ട ആവശ്യങ്ങളെ നിര്‍വഹിച്ചുകൊടുക്കുന്നു. നമ്മുടെ നാട്ടില്‍ ഇതൊക്കെ ജലരേഖകളായി മാറുന്നതെന്താണ്?

ഈ ആധുനിക കാലത്ത് അധികാരത്തില്‍ വരേണ്ടത് അനീതിക്കെതിരെ പൊരുതുന്നവരാകണം. വിപ്ലവങ്ങള്‍ ഉടലെടുത്ത രാജ്യങ്ങളില്‍ സര്‍ഗ്ഗപ്രതിഭകള്‍ അതിന് തിരികൊളുത്തിയവരാണ്. അവര്‍ക്ക് ഏത് കനത്ത അന്ധകാരശക്തികളെയും അതിജീവിക്കാനാകും. അവിടുത്തെ ജനസേവകര്‍ സര്‍ഗ്ഗപ്രതിഭകളെപോലെ സമൂഹത്തെ വിളിച്ചുണര്‍ത്തുന്നവരാണ്. അവര്‍ക്ക് മാത്രമേ വികസിത രാജ്യങ്ങളെപോലെ ജനധിപത്യത്തിന്റെ സിംഹാസനം തീര്‍ക്കാനും ഒരു ജനതയെ അനശ്വരതയിലേക്ക് നയിക്കാനും സാധിക്കു. അല്ലാത്തവര്‍ നശ്വരമായ സങ്കുചിത താല്പര്യങ്ങളാലും വിവിധങ്ങളായ മതില്‍ക്കെട്ടുകളില്‍ തളയ്ക്കപ്പെട്ടവരുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, അധികാരികളുടെ നോക്കും വാക്കും പ്രവര്‍ത്തിയും പീലിവിരിച്ചാടുന്ന മയിലിനെപോലെ അല്ലെങ്കില്‍ പ്രഭാത സൂര്യനെപ്പോലെ ചെങ്കതിരുകളുടെ കാന്തി പ്രസരിക്കുന്നതാകണം. സഹജീവികളോട് കാരുണ്യം കാട്ടുന്നവരാകണം. മനുഷ്യരെ ചുഷണം ചെയ്യുന്ന, അപമാനിക്കുന്ന ഉപ പ്രധാനമന്ത്രിയല്ല ഉദ്യോഗസ്ഥനായാലും അവരെ പുറത്താക്കണം മറിച്ച് വായ്മൂടിക്കെട്ടി നില്‍ക്കരുത്. ഏത് പൗരനായാലും സത്യത്തിന്റെ സാക്ഷികളായില്ലെങ്കില്‍ പഴയ അധീശവര്‍ഗ്ഗം ജനാധിപത്യത്തിന്റെ മറവില്‍ ഏകാധിപത്യ ഭരണം നടത്തികൊണ്ടിരിക്കും. മനഃസാക്ഷിയുള്ള മനുഷ്യര്‍ തരിശുഭൂമിയിലെ ഇലകൊഴിഞ്ഞ മരങ്ങളല്ല. അവര്‍ ഈ കൂട്ടരെ വിചാരണ ചെയ്തുകൊണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *