തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കൾ. വി ഡി സതീശൻ
പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വേണ്ടി വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കളാണ് അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. പാർട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്റെ ഓരോ ചുവടും നീതി പൂർവമായിരുന്നു. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. എനിക്ക് പ്രവർത്തകരുടെ പിന്തുണയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാർലമെൻറ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും അത് ഓർക്കണം.കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോൾ ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണ്, ഹൈക്കോടതി നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ നേരത്തെ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. മുഖ്യമന്ത്രി ഇപ്പോൾ ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കും.

