താളം തെറ്റി
കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു മീനിന്റെയും ഇറച്ചിയുടെയും പൊള്ളുന്ന വില. ഹോട്ടലുകാർക്കും കൈപൊള്ളുന്നു. ഉൽപാദനം കുറഞ്ഞതാണു കോഴി വില ഉയരാൻ കാരണം. തമിഴ്നാട്ടിലെ കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചാകുന്നതും വില കൂടാൻ ഇടയാക്കി. കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചി വില. ഇന്നലെ അത് 160 രൂപയായി.
കോഴി ഇറച്ചിക്ക് 168 രൂപ വരെ വാങ്ങുന്നുണ്ട്. . അധ്യയന വർഷം തുടങ്ങുന്ന സമയങ്ങളിൽ കോഴിക്ക് വില കുറയുകയാണ് പതിവ്. ഇടനിലക്കാർ ലാഭം കൊയ്യുന്ന സ്ഥിതിയാണെന്ന പരാതിയും കച്ചവടക്കാർക്കുണ്ട്.
നാടൻ ഫാമുകളിൽ കിലോയ്ക്ക് 5 രൂപ കൂടിയിട്ടുണ്ട്. ഇവിടെനിന്നു വാങ്ങുന്ന മൊത്ത വിതരണക്കാർ 15 രൂപ വരെ മാർജിൻ ലഭിക്കുന്ന വിധത്തിൽ വിലയിട്ടാണു ചെറിയ കടകൾക്ക് നൽകുന്നത്. അവർ 10 മുതൽ 15 രൂപ വരെ കൂട്ടിയാണു വിൽക്കുന്നത്. ട്രോളിങ് നിരോധനം വന്നതോടെ മത്സ്യലഭ്യത കുറഞ്ഞതാണു മീൻവില കൂടാൻ ഇടയാക്കിയതെന്നു വ്യാപാരികൾ പറയുന്നു. കേരളത്തിൽ മീനിനു പല സ്ഥലത്തും പല വിലയാണ്. 200 രൂപയില്ലാതെ മത്തി പോലും കിട്ടില്ലെന്ന അവസ്ഥയായി.