നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ
എറണാകുളം :നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് മുന്നൊരുക്കങ്ങൾ എറണാകുളം ജില്ല കളക്ടർ വിലയിരുത്തി.ഹജ്ജ് ക്യാമ്പ് മന്ത്രി പി.രാജീവ് ചൊവാഴ്ച്ച ഉദ്ഘാടനം ചെയ്യും
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ചൊവ്വാഴ്ച (ജൂൺ 6) ഉച്ചകഴിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച്ച(ജൂൺ 7) പകൽ 11:30 ന് പുറപ്പെടും. ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.
നെടുമ്പാശ്ശേരിയിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ജൂൺ 7 മുതൽ 21 വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകൾ. 7, 9, 10, 12, 14, 21 തീയതികളിൽ ദിവസവും പകൽ 11.30 ന് ആകും ജിദയിലേക്ക് സർവീസ്. നെടുമ്പാശ്ശേരിയിൽ നിന്ന് 2244 ഹാജിമാരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. 1341 സ്ത്രീകളും 903 പുരുഷന്മാരുമാണ് നെടുമ്പാശേരിയിൽ നിന്നുള്ളത്. ഇതിൽ 164 ലക്ഷദ്വീപിൽ നിന്നുള്ളവരാണ്.
സിയാൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗം കെ.സഫർ കയാൽ, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ്, ഹജ്ജ് സെൽ ഓഫീസർ ഡിവൈഎസ്പി എം.ഐ ഷാജി, ക്യാമ്പ് കോ ഓഡിനേറ്റർ ടി.കെ സലിം, വിവിധ വകുപ്പുകളിലേയും സിയാലിലേയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.