പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി
എറണാകുളം : ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരുക്കേറ്റത്.
കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. രാവിലെ 10.30 നായിരുന്നു അപകടം. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു. മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. കുറച്ചു മാസങ്ങളായി മറയൂരിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്.