ബ്ലോക്ക് പുനഃസംഘടന : സംസ്ഥാന കോൺഗ്രസിൽ കലഹം.
കോൺഗ്രസ് പാർട്ടിയിലെ കലാപം അവസാനിക്കുന്നില്ല.മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോര് വീണ്ടും പാർട്ടിയിൽ സജീവമായി കഴിഞ്ഞു. മതിയായ കൂടിയാലോചനയില്ലാതെയാണ് 197 ബ്ലോക്ക് പ്രസിഡന്റുമാരെ കെപിസിസി നേതൃത്വം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകി. ഉപസമിതി അന്തിമമാക്കിയ പേരുകൾ കെ.സുധാകരനും വി.ഡി.സതീശനും ഏകപക്ഷീയമായി വെട്ടിത്തിരുത്തിയെന്നാണ് പരാതി.
ബ്ലോക്ക് പുനഃസംഘടനയാണ് നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള പുതിയ പ്രശ്നങ്ങൾക്ക് കാരണം. ഗ്രൂപ്പുകളെ വെട്ടിനിരത്തി സംഘടന പിടിച്ചെടുക്കാൻ കെ.സുധാകരനും വി.ഡി. സതീശനും കൈകോർത്തുവെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി.
283 ബ്ലോക്ക് പ്രസിഡന്റുമാരിൽ 173 പേരുടെ പേരുകൾ ഗ്രൂപ്പ് പ്രതിനിധികൾ അടങ്ങിയ ഉപസമിതി അന്തിമമാക്കിയതാണ്. ഇതിലും നേതൃത്വം തിരുത്തൽ വരുത്തിയത് അംഗീകരിക്കില്ലെന്ന് മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച പരാതിയിൽ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടി.
തർക്കമുണ്ടായിരുന്ന ഇടങ്ങളിൽ ഗ്രൂപ്പ് നേതൃത്വങ്ങളുമായി നേതൃത്വം കൂടിയാലോചിച്ചതുമില്ല. ചർച്ചകളിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തലയും എം.എം. ഹസനും തലസ്ഥാനത്തുണ്ടായിട്ടും സുധാകരനും സതീശനും അവഗണിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. പാർട്ടി അധ്യക്ഷനായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച തനിക്ക് രണ്ട് പദവികളുടെയും ശക്തിയും ദൗർബല്യവും നന്നായി അറിയാമെന്ന് ചെന്നിത്തല സുധാകരനെയും സതീശനെയും അറിയിച്ചതായും വിവരമുണ്ട്.