മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസ് :അന്വേഷണം പുരോഗമിക്കുന്നു
എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയതായ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു . കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയും കാസര്‍കോഡ് സ്വദേശിയുമായ യുവതിയാണ് വ്യാജരേഖ ഉണ്ടാക്കിയത്. സംഭവത്തില്‍ മഹാരാജാസ് കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് വിദ്യാര്‍ത്ഥിനി രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്.
വിദ്യാര്‍ത്ഥിനി അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനു ചെന്നപ്പോള്‍, സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചു. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞ് തട്ടിപ്പ് പുറത്തുവന്നത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് അധ്യാപിക ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥിനി ഉണ്ടാക്കിയത്.
മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും എസ്എഫ്‌ഐയുടെ നേതാക്കളുമായി യുവതിയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ രേഖ ഉണ്ടാക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.