രാജസ്ഥാനിൽ മഞ്ഞുരുകുന്നു
രാജസ്ഥാൻ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ മൂടൽമഞ്ഞ് ഉരുകുന്നു. കഴിഞ്ഞ കുറെ നാളുകളായി രാജസ്ഥാനിൽ നടക്കുന്ന രാഷ്ട്രീയ പോലീസ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ഭരണം നിലനിർത്തേണ്ടത് കോൺഗ്രസിന് സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്.ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഒന്നിച്ചു നിന്നു പോരാടാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണ. ഇരുവരുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും 4 മണിക്കൂറുകളോളം നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അനുനയവഴി തെളിഞ്ഞത്. ഗെലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് ഇരുവരുടെയും സാന്നിധ്യത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ സച്ചിന് എന്തു റോൾ നൽകണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അതിൽ ഇടപെടേണ്ടെന്നും ഗെലോട്ടിനോടു നേതൃത്വം വ്യക്തമാക്കി. സച്ചിനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ഇനി പാടില്ലെന്നും നിർദേശിച്ചു. പാർട്ടിയിൽ സ്ഥാനം വേണമെന്ന് നിരന്തരം ആവശ്യപ്പെടേണ്ടതില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് മാന്യമായ റോൾ നൽകുമെന്നും സച്ചിന് ഉറപ്പ് നൽകിയ ഹൈക്കമാൻഡ്, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള പരസ്യ പ്രതിഷേധങ്ങൾ ഇനി അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ പദയാത്ര നടത്തിയ സച്ചിനെതിരെ അച്ചടക്ക നടപടി വേണമെന്ന ഗെലോട്ടിന്റെ ആവശ്യം ഹൈക്കമാൻഡ് തള്ളി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ഇരുവരോടും ഖർഗെ നിർദേശിച്ചു.

