Breaking

രാഹുല്‍ എന്ന ബാലനെ കാണാതായിട്ട് പതിനെട്ടു വര്‍ഷം. അന്വേഷണം അവസാനിച്ചു

ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ നിന്ന് രാഹുല്‍ എന്ന ബാലനെ കാണാതായിട്ട് പതിനെട്ടു വര്‍ഷം പിന്നിടുന്നു.പോലീസും, സി. ബി. ഐ യും മാറി മാറി അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു.മെട്രോ കേരള ഓൺലൈൻ നടത്തുന്ന അന്വേഷണം.


1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ തന്റെ സഹ പ്രവര്‍ത്തകരായ 16 പേര്‍ പാക്ക് വെടിയേറ്റ് മരിച്ചിട്ടും പതറാതെ നിന്ന് പൊരുതിയ ശിവരാമ പണിക്കര്‍ എന്ന വിമുക്ത ഭടന്‍ തന്റെ ചെറുമകന്റെ തിരോധാനത്തെ തുടര്‍ന്ന,് മനസ്സിനേറ്റ ആഘാതത്തില്‍ തളര്‍ന്നു പോയി. മുത്തച്ചന്റെ വാത്സല്യമുള്ള പേരക്കിടാവായിരുന്നു രാഹുല്‍. ഇന്നും മലയാളികളുടെ മനസ്സില്‍ വിങ്ങുന്ന ഒരോര്‍മ്മയായി രാഹുല്‍ നിലകൊള്ളുകയാണ്.
2005 മെയ് 18 നാണ് രാഹുലിനെ കാണാതാകുന്നത്. രാഹുല്‍ എവിടെയെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഇനിയും കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ ഓര്‍മ്മയില്‍ നീറിക്കഴിയുകയാണ് കുടുംബാംഗങ്ങള്‍. അമ്മയുടെ കണ്ണീര് ഇനിയും തോര്‍ന്നിട്ടില്ല. തന്റെ പൊന്നോമന മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ അമ്മയ്ക്ക് ദൈവങ്ങളോടുതന്നെ അകല്‍ച്ച തോന്നിപ്പോവുകയാണ്. മകനെ കാണാതായി ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു സൂചനപോലും കണ്ടെത്താന്‍ കഴിയാത്ത നിയമ വ്യവസ്ഥിതിയോടും ഇന്നീ അമ്മയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. തെളിവെടുപ്പിന്റെ രേഖകള്‍ പോലും സി. ബി. ഐ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കേസ്സ് പുരോഗമിക്കുന്നതിന് തടസ്സമായി തീര്‍ന്നിരിക്കുന്ന ഒരു വസ്തുത.
രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇക്കാലയളവിനുള്ളില്‍ വളരെയധികം പേര്‍ ഇവിടെ വന്നു പോയി. അവരോടെല്ലാം നാട്ടുകാര്‍ ചോദിക്കുന്ന ചോദ്യം രാഹുലിനെ തിരിച്ചു കിട്ടുമോ എന്നുതന്നെയാണ്. ഇന്നും അപരിചിതരെ കാണുമ്പോള്‍ ഈ നാട്ടുകാര്‍ക്ക് പേടിയാണ്. കണ്‍മുന്നില്‍ ഓടിക്കളിച്ച് നടന്നിരുന്ന രാഹുലിനെ കണ്‍വെട്ടത്തു നിന്നും കാണാമറയത്തേയ്ക്ക് കൊണ്ടുചെന്നെത്തിച്ച ആ അദൃശ്യ ശക്തിയോടുള്ള ഭയമായിരിക്കാം ഇതിന് കാരണം.
2005 മെയ് 19 ന് രാവിലെയാണ് ഈ വാര്‍ത്ത കേരളക്കര അറിയുന്നത്. അപ്പോള്‍ മുതല്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളികളെല്ലാം പ്രാര്‍ത്ഥനയിലാണ്. രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകളിലേയ്ക്ക് ഒരു തിരനോട്ടം.
പതിനാലു കുട്ടികള്‍ക്കൊപ്പം പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന രാഹുലിനെ മാത്രം കാണാതായതെങ്ങനെ? കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രാഹുലിനെ പെട്ടന്നാണ് കാണാതാകുന്നത്. വീടും പരിസരവും വിട്ട് ദൂരത്തെങ്ങും പോകാനുള്ള സമയവും സാഹചര്യവും ഇല്ലാതിരുന്നിട്ടും രാഹുല്‍ കാണാമറയത്ത് പോയെങ്കില്‍ അതിന്റെ പിന്നില്‍ ആ വീടിനും പരിസരത്തിനും അഭേദ്യമായ ബന്ധമുണ്ടാകും എന്നുള്ളത് തീര്‍ച്ചയാണ്. വീടിനു സമീപമുള്ള ടാപ്പില്‍ നിന്നും രാഹുല്‍ വെള്ളം കുടിക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍ രാഹുലിന്റെ അമ്മ മിനി പറയുന്നത് തന്റെ മകന്‍ ആ ടാപ്പില്‍ നിന്നും വെള്ളം കുടിക്കാറില്ല എന്നാണ്. ഒന്നുകില്‍ ഇവിടെ ദൃശ്യമാകുന്നത് മൊഴികള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ്. അതല്ലെങ്കില്‍ നിയന്ത്രിക്കാനാവാത്ത വിധം രാഹുലിന് അപ്പോള്‍ ദാഹിച്ചിരിക്കാം. കളിക്കിടയില്‍ ദാഹം തോന്നിയാണ് അവിടുന്ന് വെള്ളം കുടിച്ചതെന്നും അനുമാനിക്കാന്‍ വയ്യ. കാരണം അമ്മയുടെ മൊഴിപ്രകാരം രാഹുല്‍ അവിടുന്ന് വെള്ളം കുടിക്കാറില്ല. ഈ സാഹചര്യത്തില്‍ ആ ടാപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിട്ടുണ്ടെങ്കില്‍, അതിന് പിന്നില്‍ നിഗൂഢമായ മറ്റൊരു കാരണം ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്.
രാഹുലിനെ കാണാതായ വാര്‍ത്ത അറിഞ്ഞ് പോലീസ് എത്തിയത് വൈകിട്ട് 6 മണിക്കാണെന്ന് പറയപ്പെടുന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഉടന്‍ സന്ദേശം കൈമാറാന്‍ പോലീസ് തയ്യാറായില്ലത്രെ. ഇത് ഈ പിഞ്ചു കുഞ്ഞിനെ ജില്ലകടത്താന്‍ അക്രമിക്ക് സഹായകമായെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
രാഹുലിന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് അപരിചിതരായ ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാനോ, ഇവിടെ നിന്ന് പുറത്തു പോകാനോ സാധിക്കില്ല, അത്തരത്തിലാണ് ഇവിടുത്തെ ഭൂപ്രകൃതി. രാഹുലിനെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും ഒപ്പമല്ലാതെ രാഹുല്‍ അവിടുന്ന് പുറത്തുകടന്നിട്ടുണ്ടാവില്ല. രാഹുലിനെ അടുത്തറിയാവുന്ന ഒരാളെ സംശയത്തിന്റെ നിഴലില്‍ പോലീസും, സി. ബി. ഐ. യും ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചില്ല. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നു പോകാവുന്ന ആ ഇടവഴിയും താണ്ടി ഒരു കാര്‍ മാത്രം കടന്നു പോകുന്ന ഇട റോഡും പിന്നിട്ട് അതി വിദഗ്ദമായി രാഹുലിനെ കടത്താന്‍ ആര്‍ക്ക് എങ്ങനെ സാധിച്ചിട്ടുണ്ടാകും? ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി. ബി. ഐ. യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. രാഹുല്‍ കേസ്സ് ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന് സി. ബി. ഐ. യ്ക്ക് തന്നെ നിശ്ചയമില്ലത്ത അവസ്ഥയാണ്.
രാഹുല്‍ കേസ്സുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്ത് ഒത്തിരിയേറെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഏതോ ഒരാളുടെ കാവലില്‍ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ ഉണ്ടെന്ന് ജ്യോതിഷ പ്രവചനം ഉണ്ടായിട്ടുണ്ട്. രാഹുല്‍ ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണ് ഭൂരിഭാഗം ജ്യോതിഷികളുടെയും പ്രവചനം. ഈ അടുത്ത കാലത്ത് രാഹുലിനെ പോലെ ഒരാളെ തിരുവനന്തപുരം ഭാഗത്ത് അക്രമികള്‍ വളര്‍ത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ സൂചനയെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും അത് രാഹുലായിരുന്നില്ല. മുബൈയിലും മറ്റും രാഹുലിനോട് രൂപ സാദൃശ്യമുള്ള കുട്ടികളെ കണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പോലീസും, ബന്ധുക്കളും അന്വേഷിച്ചെങ്കിലും ആ വാര്‍ത്തകളെല്ലാം വ്യാജമായിരുന്നു.
എന്നെങ്കിലുമൊരിക്കല്‍ രാഹുല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു നാടുമുഴുവന്‍ തെളിവെടുപ്പിന്റെ രേഖകള്‍ പോലും കൈവശമില്ലെങ്കില്‍ കൂടി, ഈ നിഷ്‌ക്കളങ്ക ബാല്യത്തെ കാണാമറയത്തെത്തിച്ചത് എന്തുതന്നെയായാലും, ആരുതന്നെയായാലും ദൃശ്യമായ അടയാളങ്ങള്‍ക്കപ്പുറം അദൃശ്യമായ സത്യത്തിന്റെ ഒരടയാളം ബാക്കിയുണ്ടാകും. അത് കണ്ടെത്താന്‍ ഇനിയുള്ള അന്വേഷണത്തിലെങ്കിലും സി. ബി. ഐ.യ്ക്ക് സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *