വിദ്യ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് സുഹൃത്തിനെ മറികടക്കാൻ
നീലേശ്വരം : വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കിയ കേസിൽ കെ വിദ്യ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് സുഹൃത്തിനെ മറികടക്കാൻ. വിദ്യയുടെ സീനിയറായിരുന്ന രസിതയെ മറികടക്കാനാണ് വിദ്യ രേഖകൾ ഉണ്ടാക്കിയതെന്നാണ് നിലേശ്വരം പോലീസിന് വിദ്യ നൽകിയ മൊഴി. 2021-ൽ വിദ്യയും രസിതയും ഉദുമ ഗവ. കോളേജിൽ അഭിമുഖത്തിന് എത്തിയിരുന്നു. വിദ്യയെക്കാൾ യോഗ്യതയുള്ളതിനാൽ അന്ന് രസിതക്ക് ഉദുമ കോളജിൽ നിയമനം ലഭിച്ചു. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞാണ് വിദ്യ വ്യാജ രേഖ നിർമ്മിച്ചത്.
അതേസമയം കരിന്തളം കോളജിൽ വ്യാജ രേഖ നൽകി നിയമനം നേടിയ കേസിൽ വിദ്യ കഴിഞ്ഞ ദിവസമാണ് നീലേശ്വരം പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് എത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യയെ കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടിരുന്നു. ഈ മാസം മുപ്പതിന് വീണ്ടും ഹാജരാകണമെന്നാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.