ശുഭവാർത്തയ്ക്കായി കാത്തിരിപ്പ്
കാനഡ : ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയി കാണാതായ ടൈറ്റനെന്ന സമുദ്രപേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും കാലാവസ്ഥാ വ്യത്യാസവും സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്‌വരകളും. കടലിന്റെ അടിത്തട്ടിൽ ടൈറ്റൻ കുടുങ്ങിപ്പോയെങ്കിൽ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നു പറയേണ്ടിവരും.ടൈറ്റന്‍ എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമായി അറിയാനായി തിരച്ചിലിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.
സമുദ്രോപരിതലത്തിൽനിന്ന് നാലു കിലോമീറ്റർ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂർ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു. ‘‘ആഴത്തിലേക്കു പോകുന്തോറും ഇരുട്ടേറും. കഠിനമായ തണുപ്പുമാണ്. കടലിന്റെ അടിത്തട്ട് മണ്ണാണ്.. ടൈറ്റൻ ചിലപ്പോൾ അടിത്തട്ടിൽ കുടുങ്ങിപ്പോയേക്കാമെന്ന് മുൻപ് ടൈറ്റനിൽ ടൈറ്റാനിക് കാണാൻ പോയ മൈക്ക് റെയ്സ് പറയുന്നു. ‘‘ഒരു പൊട്ടലുണ്ടായി വെള്ളം അകത്തു കയറാനുള്ള സാധ്യതയും കാണുന്നു.’’ – റെയ്സ് കൂട്ടിച്ചേർത്തു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് അടുത്ത് അത്രയും ആഴത്തിലെത്താവുന്ന സാങ്കേതികവിദ്യയുള്ള സമുദ്രപേടകങ്ങൾ വളരെ കുറവാണ്. അങ്ങനെ അവ അവിടെയെത്തിയാലും ടൈറ്റനെ പൊക്കിയെടുത്ത് സമുദ്രോപരിതലത്തിൽ എത്തിക്കാനുള്ള ശേഷി ഇവയ്ക്ക് ഉണ്ടാകണമെന്നുമില്ല
96 മണിക്കൂറിനുമാത്രമുള്ള ഓക്സിജനുമായി പര്യടനത്തിനിറങ്ങിയ ടൈറ്റനിൽ ഇനി ഏതാനും മണിക്കൂർ കൂടി മാത്രമാണ് പ്രാണവായു ഉള്ളത്.