സിനിമകൾ അതിവേഗം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഗവണ്മെന്റ് നടപടിയെടുക്കണം
സിനിമകൾ അതിവേഗം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഗവണ്മെന്റ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫിയോകിന് കീഴിലുള്ള തിയറ്ററുകൾ പ്രതിഷേധത്തിൽ. തിയറ്ററുകൾ അടച്ചിട്ടുള്ള സമരം അതിന്റെ ഭാഗമാണ്. എന്റർടൈന്മെന്റ് ടാക്സിന്റെ കാര്യത്തിലും, ചിത്രങ്ങൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിലും ഗവണ്മെന്റ് 20 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ചിത്രങ്ങൾ തിയറ്ററുകളിലെത്തി 42 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയിൽ കൊടുക്കാവൂ എന്ന നിബന്ധനയുണ്ട്. എന്നാൽ ഇനി മുതൽ അത് തൊണ്ണൂറോ, നൂറ്റിഇരുപതോ ദിവസമാക്കി ഉയർത്തണമെന്നതുമാണ് തങ്ങളുടെ ആവശ്യമെന്നും വിജയകുമാർ വ്യക്തമാക്കി.
2018 എവരിവൺ ഈസ് എ ഹീറോ’, ‘പാച്ചുവും അത്ഭുതവിളക്കും’ എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഒടിടിയിൽ ലഭ്യമാക്കിയതിനെതിരെയും കൂടിയാണ് പ്രതിഷേധമെന്നും വിജയകുമാർ അറിയിച്ചു. നിലവിലുള്ള നാല്പത്തിരണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാകൂ എന്ന നിബന്ധന പാലിക്കാത്ത ഒരു നിർമ്മാതാവുമായും പിന്നീട് സഹകരിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.