Breaking

സുധാകരനെ അറസ്റ് ചെയ്യാനൊരുങ്ങി ക്രൈംബ്രാ‍ഞ്ച്

എറണാകുളം : കെ പി സി സി പ്രസിഡന്റ്‌ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി സൂചന.മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി. നാളെ കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസും നൽകി. അറസ്റ്റിനു തയാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശവും തേടി. അവിടെ അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് സൂചന.

മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി.അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പരാതിയിൽ പറയുന്നു

ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *