സുരേഷ് ഗോപി MP സഞ്ചരിച്ചിരുന്ന വാഹനത്തിനു മാർഗതടസം ഉണ്ടാക്കിയ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
കളമശ്ശേരി :അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ തടസപ്പെടുത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിടാൻ തയാറായില്ല.
തുടർന്നു സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. പിന്നാലെ അങ്കമാലിയിൽവച്ചു ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.