സുവർണ ഗൃഹം പദ്ധതിയുടെ ആദ്യ വീടുകൾ നിർമാണം പൂർത്തിയാകുന്നു.
ചാലക്കുടി ∙ചാലക്കുടി നഗരസഭ സുവർണ ജൂബിലി സ്മാരകമായി നടപ്പാക്കുന്ന 50 വീടുകളിൽ ആദ്യഘട്ടമായി നിർമിക്കുന്ന സുവർണ ഗൃഹം പദ്ധതിയുടെ ആദ്യ വീടുകൾ നിർമാണം പൂർത്തിയാകുന്നു. ആദ്യഘട്ടമായി നിർമിക്കുന്ന 5 വീടുകളുടെ നിർമാണമാണു പൂർത്തിയാകുന്നത്. പോട്ടയിൽ ടോണി പുല്ലൻ സൗജന്യമായി നഗരസഭയ്ക്കു നൽകിയ സ്ഥലത്താണു ഭവന നിർമാണം.നഗരസഭയിലെ നിർധനരും ഭവനരഹിതരുമായ കുടുംബങ്ങൾക്കാണു സുവർണ ഗൃഹം പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടിനും കൊച്ചിൻ സേലം പൈപ്പ് ലൈൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് 6 ലക്ഷം രൂപയും ലയൺസ് ക്ലബ്ബും മണപ്പുറം ഫിനാൻസും നൽകുന്ന 2.5 ലക്ഷം രൂപയും വീതം ഉപയോഗിച്ചാണ് ആദ്യ ഘട്ടം വീടുകളുടെ നിർമാണം നടത്തുന്നത്. ആകെ 42.5 ലക്ഷം രൂപയാണു ചെലവ്. പദ്ധതിയുടെ രണ്ടാം ഘട്ടം വീട് നിർമാണത്തിനു പോട്ടയിൽ 70 സെന്റ് ഭൂമി തങ്കച്ചൻ കട്ടക്കയം സൗജന്യമായി നഗരസഭയ്ക്കു നൽകി.

