സോളർ അഴിമതി അന്വേഷണ കമ്മിഷനൻ ചെലവായത് 1.77 കോടി
തിരുവനന്തപുരം ∙ സോളർ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷനായി ചെലവായത് 1.77 കോടി രൂപ.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ സിപിഎമ്മിലെ കെ.യു.ജനീഷ് കുമാർ ഉന്നയിച്ച നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണു സോളർ കമ്മിഷനായി 1,77,16,711 രൂപ ചെലവഴിച്ചെന്നു വ്യക്തമാക്കിയത്.
2013 ഒക്ടോബറിൽ നിയമിച്ച കമ്മിഷന്റെ കാലാവധി എട്ടു തവണയാണു സർക്കാർ നീട്ടി നൽകിയത്. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശിവരാജൻ പിന്നാക്ക സമുദായ കമ്മിഷന്റെ അധ്യക്ഷൻ ആയിരിക്കെയാണു സോളർ അന്വേഷണവും ഏറ്റെടുക്കുന്നത്. പിന്നാക്ക കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ശമ്പളവും വാഹനവും ഉണ്ടായിരുന്നതിനാൽ സോളർ കമ്മിഷനു വേണ്ടി പ്രത്യേക ശമ്പളവും വാഹനവും നൽകേണ്ടി വന്നിട്ടില്ല. പക്ഷേ മറ്റു ചെലവുകൾ എഴുതി എടുക്കാമായിരുന്നു. കമ്മിഷൻ ജീവനക്കാർക്കു പുറമേ പഴ്സ്നൽ സ്റ്റാഫ് അംഗങ്ങളായും ജീവനക്കാരെ നിയോഗിച്ചിരുന്നു.
നാലു വർഷത്തിനിടെ 343 സിറ്റിങ്ങുകളാണു കമ്മിഷൻ നടത്തിയത്. 214 സാക്ഷികൾ, 8464 പേജ് സാക്ഷിമൊഴികൾ, 972 േരഖകൾ. ഇതെല്ലാം പരിശോധിച്ചാണ് ആയിരത്തിലേറെ പേജുള്ള റിപ്പോർട്ട് കമ്മിഷൻ തയാറാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തു. .