Kerala

ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ മുന്തിരിവള്ളികൾ തളിർത്തപ്പോൾ

ചാലക്കുടി : മികച്ച താലൂക്ക് ആശുപത്രിക്കുള്ള ദേശീയ പുരസ്കാരം ചാലക്കുടി താലൂക്ക് ആശുപത്രി നേടി എന്നത് വലിയ വാർത്തയായി. മറ്റൊരു വാർത്ത ഇപ്പോൾ പുറത്തുവരുകയാണ്.പുളിയും മധുരവുമുള്ള മുന്തിരികൾ പഴുത്തു പാകമായി മുന്തിരികൾ കുലകുലയായി കുലച്ചു നിൽക്കുകയാണിവിടെ. കമ്പത്തും തേനിയിലുമൊന്നുമല്ല, നമ്മുടെ ചാലക്കുടിതാലൂക്ക് ആശുപത്രിയിൽ മുന്തിരിവള്ളികൾ തളിർത്തു, പൂത്തു, കായ്ച്ചു.

താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിനോടു ചേർന്നാണു മുന്തിരിച്ചെടി പടർന്നു പന്തലിച്ചു മുന്തിരി വിളഞ്ഞു നിൽക്കുന്നത്.കോവിഡ് സമയത്ത് ഒരു സന്നദ്ധ സംഘടന ആശുപത്രിയിൽ മുന്തിരിച്ചെടിയുടെ തൈ നൽകിയത്. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ഇതു ബ്ലഡ് ബാങ്കിനോടു ചേർന്നു നട്ടുപിടിപ്പിച്ചു. പന്തലൊരുക്കിയും പതിവായി നനച്ചും വളമിട്ടും പരിചരിച്ചതോടെ മുന്തിരിച്ചെടി വളർന്നു പടർന്നു പന്തലിച്ചു. സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ വളമിടാനായി ചാണകപ്പൊടിയും മറ്റും എത്തിച്ചു നൽകി. കഴിഞ്ഞ വർഷം കായ്ച്ചെങ്കിലും അധികം മുന്തിരി ഉണ്ടായില്ല. എന്നാൽ ഈ വർഷം ധാരാളം മുന്തിരിക്കുലകൾ വിളഞ്ഞു. പഴുത്തു പാകമായ മുന്തിരികൾ ജീവനക്കാർ വിളവെടുത്തു. ഇപ്പോഴും പുതിയ മുന്തിരിക്കുലകള്‍ ഉണ്ടാകുന്നുണ്ട്. വളർന്നു നിൽക്കുന്ന കരിമ്പും പേരയും ഫലവൃക്ഷങ്ങളും മറ്റു മരങ്ങളും ഇതേ വളപ്പിലുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *