500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ല റിസർവ് ബാങ്ക് ഗവർണർ
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതായത്, ഉടന്‍ തന്നെ 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും എന്നതാണ് അതിലൊന്ന്. കൂടാതെ, മുന്‍പ് നിലവിലിരുന്ന തരത്തില്‍ 1000 രൂപയുടെ നോട്ടുകള്‍ മടങ്ങിയെത്തും എന്നും വാര്‍ത്തകള്‍ പരന്നിരുന്നു. 2016ലെ നോട്ട് നിരോധനത്തിന് ശേഷം അടുത്തിടെ 2000 രൂപ നോട്ട് വിനിമയത്തിൽ നിന്ന് പിന്‍വലിച്ചതോടെയാണ് ജനങ്ങളുടെ മനസ്സിൽ പല തരത്തിലുള്ള ആശങ്കകള്‍ ഉടലെടുക്കുന്നത്. എന്നാല്‍, 500, 1000 രൂപയുടെ നോട്ടുകള്‍ സംബന്ധിച്ച് പരക്കുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് RBI ഗവര്‍ണര്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്. അതായത്, 500 രൂപ നോട്ട് പിൻവലിക്കാൻ യാതൊരു പദ്ധതിയുമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെളിപ്പെടുത്തി. 500 രൂപയുടെ നോട്ടുകള്‍ പൂർണ്ണമായും പ്രചാരത്തിൽ നിലനിൽക്കും. ഇതോടൊപ്പം 1000 രൂപ നോട്ട് ആർബിഐ വീണ്ടും പുറത്തിറക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 1000 രൂപ നോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയും ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയോളമയി ബാങ്കുകളില്‍ മടങ്ങിയെത്തിയ 2000 രൂപ നോട്ടുകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. അതായത്, രണ്ടാഴ്ചയ്ക്കകം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് നിലവിലുള്ള മൊത്തം കറൻസികളില്‍ വെറും 10.8 % മാത്രമാണ് 2000 രൂപ നോട്ടിന്‍റെ വിഹിതം. 2016ല്‍ നടന്ന നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ പണക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് RBI പുറത്തിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ട് കൈവശമുള്ളവർക്ക് അത് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും നോട്ടുകളായി മാറ്റാമെന്നും ഗവർണർ പറഞ്ഞു. സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

