കേരളമടക്കം ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി
ന്യൂഡൽഹി :അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളമടക്കം സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി നടക്കും. ഇതു സംബന്ധിച്ച ആലോചനകൾ ദേശീയ നേതൃത്വം തുടങ്ങി.
കേരളത്തിനു പുറമേ ബിഹാർ, കർണാടക, ആന്ധ്ര, യുപി, ഹിമാചൽ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുമാണ് അഴിച്ചുപണിക്കു സാധ്യത. രാജസ്ഥാനിൽ സംസ്ഥാന പ്രസിഡന്റിനെ അടുത്തിടെ മാറ്റിയിരുന്നെങ്കിലും പാർട്ടി സംവിധാനത്തിൽ വലിയ മാറ്റം വരുത്തിയില്ല.
ഇതോടൊപ്പം കേന്ദ്രമന്ത്രിസഭയിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാമെന്നും സൂചനയുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള ഭക്ഷ്യ സംസ്കരണ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ സംസ്ഥാന പ്രസിഡന്റാക്കിയേക്കും. നിലവിലെ പ്രസിഡന്റ് വി.ഡി.ശർമയും മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്ത അവസ്ഥയിലാണ്. അവിടെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സംസ്ഥാനത്തേക്കു മടങ്ങാൻ താൽപര്യമുണ്ട്.