KeralaOthers

മുഖച്ഛായ മാറ്റാൻ നൂതന പദ്ധതികൾ ആവിഷ്‌ക്കരിച്ച് കാരാപ്പുഴ

കൽപ്പറ്റ: വയനാടിന്റെ ടുറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റാൻ നൂതന പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിരവധി സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കാരാപ്പുഴയിലെ ഉദ്യാനവും ഡാംസൈറ്റുമെല്ലാമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. എന്നാൽ സ്വകാര്യമേഖലയുമായി കിടപിടിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ രാത്രിസമയങ്ങളിലും പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ മൈസൂർ വൃന്ദാവൻ മാതൃകയിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതി കൂടിയാണ് കാരാപ്പുഴയിലേത്. എന്നാൽ അത് പൂർണമായി നടപ്പിലാക്കാനായില്ല. ഇതിനെല്ലാം പരിഹാരമാവുന്നതാണ് നിലവിൽ ആലോചനയിലുള്ള പദ്ധതികൾ. ഇതുമായി ബന്ധപ്പെട്ട് കാരാപ്പുഴ മെഗാടൂറിസത്തിന്റെ ടിഎംസി യോഗം കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ ചേർന്നു. കാരാപ്പുഴ മെഗാ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ യോഗത്തിൽ തീരുമാനമെടുത്തതായി പിന്നീട് എംഎൽഎ അറിയിച്ചു.

കാരാപ്പുഴ ഡാം ഗാർഡൻ വൈകിട്ട് ആറുമുതൽ രാത്രി എട്ടുവരെ തുറന്ന് ആംഫി തിയേറ്റർ ഉൾപ്പെടെ പ്രവർത്തിച്ച് ജില്ലയിലെ ആദ്യത്തെ സ്ഥിരം സായാഹ്ന വേദിയാക്കി മാറ്റുന്നതിന് ആവശ്യമായ വൈദ്യുതീകരണ പ്രവർത്തികളുടെ എസ്റ്റിമേറ്റ് യോഗത്തിൽ അംഗീകരിച്ചു. ഗാർഡന് അകത്ത് അഞ്ചു മുറികളിലായി സുവനീർ ഷോപ്പ്, വെർച്വൽ റിയാലിറ്റി എന്നീ ആവശ്യങ്ങൾക്കായി മുറികൾ ലേലം ചെയ്യുവാനും ഗാർഡനകത്തുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുവാനും പാർക്കിങ് സംവിധാനം വിപുലപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.

ഇതോടൊപ്പം ഓണത്തിന് മുമ്പായി മിൽമ ഔട്ട്ലെറ്റ് തുടങ്ങാനും സോളാർ ബോട്ടിങ് ആരംഭിക്കുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കാനും ഗാർഡനിൽ നിലവിലുള്ള കുട്ടികളുടെ പാർക്ക് ടിഎംസി നേരിട്ട് പുതുക്കി പണിയുന്നതിനും കാരപ്പുഴ മെഗാ ടൂറിസത്തിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി പത്രങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രചരണം നൽകി മാസ്റ്റർപ്ലാൻ സ്വീകരിക്കുവാനും നടപടി സ്വീകരിക്കും. കേന്ദ്രത്തിനുള്ളിൽ സന്ദർശകർക്ക് കൂടുതൽ സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യമൊരുക്കും. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള മാലിന്യ പ്രശ്നം തീർക്കുന്നതിനായി ശുചിത്വ മിഷൻ പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മാത്രമല്ല, കാക്കവയൽ-കാരപ്പുഴ റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *