ഡെങ്കിപ്പനി ഭീതിയിൽ കേരളം
തിരുവനന്തപുരം : ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ. കൊതുകിന്റെ എണ്ണം പെരുകുന്നത് അപകടകരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പനി ബാധിച്ചു പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രി വരെ എത്തുന്നവരുടെ കണക്കെടുത്ത് ഓരോ ആശുപത്രിയിലും ആവശ്യമായ ക്രമീകരണം സജ്ജമാക്കാൻ ഡിഎഒമാർക്ക് ആരോഗ്യവകുപ്പു നിർദേശം നൽകി. കണക്കുകൾ പരിശോധിച്ച ശേഷം ജില്ലാ തലത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും പുനർവിന്യസിക്കും. ആവശ്യത്തിന് മരുന്ന് എല്ലാ ആശുപത്രികളിലും എത്തിക്കുന്ന ജോലികളാണിപ്പോൾ നടക്കുന്നത്.
ഡെങ്കിപ്പനിയുടെ കാര്യത്തിൽ 2013ലും 2017ലും ഉണ്ടായതുപോലെയുള്ള സാഹചര്യം കേരളത്തിൽ ജൂലൈയിൽ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. 2013 ൽ 3734 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 13 പേർ മരിക്കുകയും ചെയ്തു. എന്നാൽ 12768 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ ഡെങ്കിപ്പനിയുടെ പരിശോധന നടത്തിയിരുന്നുമില്ലെന്നാണ് കണക്ക്. പനി ബാധിച്ച് 97 പേരാണ് 2013 ൽ മരിച്ചത്.