Editorial

കുഞ്ഞുങ്ങൾ നാളെയുടെ പ്രതീക്ഷ

നല്ല പൗരനായി വളർന്നു വരാൻ കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യമോ നിയന്ത്രണമോ അഭികാമ്യം?

രാജേശ്വരിപുതുശ്ശേരി

കുഞ്ഞുങ്ങൾ രാജ്യത്തിന്റെ സമ്പത്തും നാളെയുടെ പ്രതീക്ഷകളുമാണ്.നല്ല ഭക്ഷണം, ജീവിതസാഹചര്യങ്ങൾ, വിദ്യാഭ്യാസം, വിനോദം, വിശ്രമം, അഭിപ്രായ പ്രകടനം എന്നുവേണ്ട കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും സുരക്ഷിതത്വത്തിനും
സ്വാതന്ത്ര്യത്തിനുമെല്ലാം വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.എന്നാൽ ഇവയെല്ലാം കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അമിതമായ നിയന്ത്രണങ്ങളാൽ കുട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നമുക്ക് പലപ്പോഴും കാണാൻ കഴിയുന്നത്.കുഞ്ഞുങ്ങളെ കുറിച്ചുള്ള മാതാപിതാക്കളുടെ അനാവശ്യമായ ആധി തന്നെയാണ് പലപ്പോഴും ഇവിടെ വില്ലനാകുന്നത്.

സ്വാതന്ത്ര്യബോധം കുഞ്ഞുങ്ങളിൽ
…………………………..
സ്വാതന്ത്ര്യം എന്നത് ഏതൊരു വ്യക്തിയുടെയും ജന്മാവകാശമാണ്. ചിരിക്കാനും കളിക്കാനും ചിന്തിക്കാനും എന്ന് വേണ്ട ഒരുവനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രവൃത്തിമണ്ഡലത്തിൽ ജീവവായു പോലെ അവശ്യഘടകമാണ് സ്വാതന്ത്ര്യം.
“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ”
എന്ന കവിവാക്യം ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.സ്വാതന്ത്ര്യം നൽകാതെ മറ്റെന്തെല്ലാം നൽകിയാലും അതുകൊണ്ട് മനുഷ്യർ തൃപ്തരാകുകയില്ല.മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓരോരുത്തരും സ്വാതന്ത്ര്യം ആസ്വദിക്കേണ്ടത്.അത് എങ്ങനെയാണെന്ന് മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തിൽ കുട്ടികൾ വളരേണ്ടതുണ്ട്.സ്വയം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കി വളരുന്ന ഒരു കുഞ്ഞിന് മാത്രമേ സഹിഷ്ണുതയുള്ള നല്ല പൗരനായി വളർന്നു വരാൻ കഴിയു.

കുഞ്ഞുങ്ങളും അഭിരുചികളും
…..,…………………………………………………

കുഞ്ഞുങ്ങൾക്ക് സ്വന്തമായി ചില ഇഷ്ടങ്ങൾ ഉണ്ടായിരിക്കും.അതിനനുസരിച്ചാണ് അവർ വളരാൻ ശ്രമിക്കുന്നത്. കുടുംബാന്തരീക്ഷവും വിദ്യാലയവും ഇവരുടെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കളിക്കാനായിരിക്കും കുഞ്ഞുങ്ങൾക്ക് ബാല്യത്തിൽ ഏറെ താല്പര്യം! സമപ്രായക്കാരുമായി കളിച്ചു വളരുമ്പോൾ അതിലൂടെ അവൻ പലതും പഠിക്കുന്നുണ്ട്.മറ്റു കുട്ടികളുമായി തങ്ങളുടെ മക്കൾ കൂട്ട് കൂടുന്നത് ഇഷ്ടപ്പെടാത്തവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ. മതിൽക്കെട്ടിനകത്ത് കുഞ്ഞുങ്ങളെ വളർത്തി അവിടെയും സ്വാതന്ത്ര്യം നൽകാത്ത ചിലരുണ്ട്. ‘അരുത് ‘എന്ന് മാത്രം കേട്ടു വളരുന്ന അത്തരം കുഞ്ഞുങ്ങൾ വലുതാകുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായിത്തീരുന്നു.സ്വാതന്ത്ര്യ ബോധത്തോടെ വളരുന്നവനാകട്ടെ ജീവിതവിജയം കൈവരിക്കുന്നു.

അമിതമായ ശിക്ഷണവും നിയന്ത്രണവും
……………………………………….

അമിതമായ ശിക്ഷണം കുഞ്ഞിന്റെ മാനസിക വളർച്ചയെ മുരടിപ്പിക്കുകയും അവന്റെ ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യും. കളിക്കാനും, ചിരിക്കാനും പാട്ടുപാടാനുമെല്ലാം ഇഷ്ടപ്പെടുന്ന, ഒരു ചിത്രശലഭത്തെ പോലെ പാറിനടക്കുന്ന പ്രായത്തിൽ തെറ്റുകൾ പറ്റുമ്പോൾ ശാന്തമായി ഉപദേശിച്ചു മനസിലാക്കുകയാണ് വേണ്ടത്. അതിനു പകരമുള്ള കുറ്റപ്പെടുത്തലുകൾ കുട്ടികളെ മാനസിക സംഘർഷത്തിലാക്കാൻ മാത്രമേ ഉപകരിക്കു. തെറ്റും ശരിയും മനസിലാക്കിക്കൊടുക്കാൻ നേരമില്ലാതെ രക്ഷിതാക്കൾ ജോലിത്തിരക്കുകളിൽ മുഴുകുമ്പോൾ അവരുടെ സ്ഥാനം ഇന്റർനെറ്റ്‌ കയ്യടക്കുന്നു.അതിന്റെ സ്വാധീനത്തിൽ വളരുന്ന കുഞ്ഞുങ്ങൾ ചെറുപ്രായത്തിലെ വഴിതെറ്റിപ്പോകുന്ന കാഴ്ചയാണിന്നു ചുറ്റും കാണാൻ സാധിക്കുന്നത്.അത്തരം കുട്ടികൾ ചതിക്കുഴികളിൽ വീഴുമ്പോൾ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തു എന്നു കുറ്റപ്പെടുത്തുന്നവരുണ്ട്. യഥാർത്ഥത്തിൽ പക്വതയെത്തും മുന്നേ അവർക്ക് മുന്നിൽ ഇന്റർനെറ്റിന്റെ ലോകം തുറന്നു കൊടുക്കുന്ന മാതാപിതാക്കളല്ലേ തെറ്റുകാർ?

ലിംഗവ്യത്യാസം അനുസരിച്ചുള്ള സ്വാതന്ത്ര്യം
………………………………………………

ഒരു പെൺകുട്ടി ഉറക്കെ ഒന്ന് ചിരിച്ചാൽ മുതിർന്നവർ വന്നു വായ പൊത്തുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പെണ്ണ് “വീടാം കൂട്ടിൽ കുടുങ്ങും തത്തമ്മകളും നരന്നു ഗർഭധാന പാത്രങ്ങളും ” ആയിരുന്ന കാലം! ആൺകുട്ടിയ്ക്ക് എന്തും ആവാം പെൺകുട്ടിയ്ക്ക് പാടില്ല എന്ന അലിഖിത നിയമം നടപ്പിലായിരുന്ന ലോകം. വിദ്യാഭ്യാസം പോലും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട ആ കാലഘട്ടത്തിൽ നിന്നു രാജ്യം ഭരിക്കാൻ വരെ സ്ത്രീകൾക്ക് സാധിക്കും എന്ന അവസ്ഥയിൽ ഭാരതം എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ലിംഗഭേദം ഇല്ലാതെ സ്വാതന്ത്ര്യ ബോധത്തോടെ ഒരു തലമുറ വളർന്നു വന്നു എന്നത് തന്നെയാണ്.ആൺ പെൺ വ്യത്യാസമില്ലാത്ത ഊർജ്ജസ്വലരായ യുവാക്കളെയാണ് ഇന്ന് നാടിന് ആവശ്യം. അതിനു സ്വാതന്ത്ര്യബോധത്തോടെ കുഞ്ഞുങ്ങൾ വളർന്നേ തീരൂ.

വീട് കളിവീടാകുമ്പോൾ
……………………………………….
കുഞ്ഞുങ്ങളുടെ താല്പര്യങ്ങൾക്ക് കൂടി പങ്കാളിത്തം നൽകുന്ന വിധത്തിൽ വേണം കുടുംബം കെട്ടിപ്പടുക്കേണ്ടത്. ഈയിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ചലച്ചിത്ര നടൻ അജു വർഗീസ് തന്നെ മക്കളുമൊത്ത് ഭിത്തിയിൽ കോരിവരയ്ക്കുന്ന ചിത്രം. അത്രയേറെ പണം ചിലവഴിച്ചു പെയിന്റ് അടിച്ചിട്ട് അതിൽ സന്തോഷത്തോടെ ചിത്രം വരച്ചു കളിക്കാൻ ആ കുഞ്ഞുങ്ങൾക്ക് സാധിച്ചെങ്കിൽ അതാണ് അവർ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം.അത്തരത്തിൽ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എത്ര മാതാപിതാക്കളെ നമുക്ക് കാണാൻ കഴിയും? മുറ്റത്തിറങ്ങി മണ്ണിൽ കളിച്ചാൽ, പൂന്തോട്ടത്തിൽ നിന്നൊരു ഇലയോ പൂവോ പൊട്ടിച്ചാൽ, ഒന്ന് മഴ നനഞ്ഞാൽ ഒക്കെ വടിയെടുക്കുന്ന രക്ഷിതാക്കളെയല്ലേ നമ്മുടെ നാട്ടിൽ കൂടുതൽ കാണാൻ കഴിയുന്നത്?

ഇന്നത്തെ കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങൾ
……………………………………………

സ്വാതന്ത്ര്യം ആസ്വദിച്ചു വളരുന്ന കുഞ്ഞുങ്ങളെയാണ് നമുക്ക് ആവശ്യം.
കോഴി തന്റെ കുഞ്ഞിനെ വളർത്തുന്നതുപോലെ വേണം കുഞ്ഞുങ്ങളെ വളർത്താൻ. ഒരു പ്രായം വരെ കൊത്തിപ്പെറുക്കിക്കൊടുത്ത്,ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുള്ള സൂത്രങ്ങളോതിക്കൊടുത്ത് ചിറകിന് കീഴിൽ ചേർത്തുപിടിച്ച് വാത്സല്യച്ചൂട് പകരണം.പിന്നീട് കോഴി കുഞ്ഞുങ്ങളെ കൊത്തിയാട്ടുന്നതുപോലെ സ്വതന്ത്രമായ ലോകത്തേക്ക് അവരെ തുറന്നു വിടുക തന്നെ വേണം.എങ്കിൽ മാത്രമേ പക്വതയും ചിന്താശേഷിയും നല്ല പ്രവർത്തനങ്ങളും കാഴ്ചവെക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *