ഇനി പുതുപ്പള്ളിയിലേക്ക്
പുതുപ്പള്ളി : ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഒരു നോക്ക് കാണാൻ ഇപ്പോഴും കാത്തുനിൽക്കുന്ന ആയിരങ്ങൾ. അണമുറിയാത്ത ജനസാഗരത്തിന്റെ അന്തിമോപചാരം ഏറ്റുവാങ്ങി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. നിറകണ്ണുകളും കണ്ഠമിടറിയ മുദ്രവാക്യം വിളികളുമായി പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനായി തിരുനക്കരയിലെത്തിയത്. അക്ഷരനഗരിയിലെ പൊരിവെയിലിന് മുന്നിൽ തളരാതെ കാത്തുനിന്ന ജനങ്ങളുടെ സ്നേഹവലയത്തിലായിരുന്നു അദ്ദേഹം. ഇന്ന് രാത്രി ഏഴരയോടെ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് സംസ്കാരം.
പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും നിർമാണത്തിലിരിക്കുന്ന വീട്ടിലും ഭൗതികശരീരമെത്തിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞത് മുതൽ തങ്ങളുടെ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പുതുപ്പള്ളിക്കാർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തും. രാത്രി നടക്കുന്ന സംസ്കാരശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
ആള്‍ക്കൂട്ടത്തെ ഏറെയിഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ നേരവും കാലവും വകവെയ്ക്കാതെ അതേ ആള്‍ക്കൂട്ടം യാത്രയാക്കുന്നതിന് സാക്ഷിയാകുകയാണ് കേരളം. പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ വിവിധയിടങ്ങളിൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 20 മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര തിരുനക്കര മൈതാനിയിലെത്തിയത്.
ഇന്ന് പുലർച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാവിലെ ഏഴരയോടെ ചിങ്ങവനത്തേക്ക് എത്തി. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ കാത്തുനിന്നത്. വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍ തങ്ങളുടെ നേതാവിനായി ഒരിക്കല്‍കൂടി തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. സങ്കടം ഉള്ളിലൊതുക്കാനാകാതെ നിരവധിപേര്‍ പൊട്ടിക്കരഞ്ഞു.