എൻസിസി കേഡറ്റുമാരെ ക്രൂരമായി ആക്രമിച്ച സംഭവം വിവാദമാകുന്നു
താനെ : എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ ആക്രമിച്ച സംഭവം വിവാദത്തിലേക്ക്.താനെയിൽ എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. മുതിർന്ന എൻസിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വിഡിയോയിലെ ക്രൂര മര്‍ദനം. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് അധ്യാപകരല്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കോളജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദിച്ചത്. ഈ വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.