സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടും
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
അതേസമയം മഴ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ചില ജില്ലകളിൽ എട്ട്, ഒൻപത് തിയതികളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഒക്ടോബർ 08 മുതൽ 10 വരെയുള്ള തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 06, 07 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.