ദിലീപിനെ അനുകൂലിച്ച് സുരേഷ് ഗോപി
ദുബായ് : നടൻ ദിലീപിനെ അനുകൂലിച്ച് സുരേഷ് ഗോപി രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിന് അനുകൂലിച്ച് സുരേഷ് ഗോപി ആദ്യമായിട്ടാണ് രംഗത്തെത്തുന്നത്.കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടൻ സുരേഷ് ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി ദുബായിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ ചിത്രമായ ഗരുഡന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂർവം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽപ്പോലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു..ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാൽപ്പോലും കോടതി പറയണം. അല്ലാതെ ഞാൻ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടിൽ ലോ ഓഫ് ദ ലാൻഡ്? അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.