സിനിമാ റിവ്യൂ ബോംബിംഗ് കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ,(സിനിമാ റിവ്യൂ ബോംബിംഗ് കേസ് )അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം. കൊച്ചി എ സി പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണം നടത്തുക. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ നെഗറ്റീവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിംഗ് എന്ന് പറയുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് വ്ളോഗര്‍മാര്‍ റിവ്യൂ ബോംബിംഗ് നടത്തുന്നുവെന്ന് ഈമാസം ഏഴിന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിലയിരുത്തിയിരുന്നു.
നിരവധി കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ പരാതി ലഭിച്ചാല്‍ പോലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു