കേരളീയം ബഹിഷ്കരിച്ച് യുഡിഎഫ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ‘കേരളീയം’ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. കേരളീയത്തിൻ്റെയും നവ കേരള സദസ്സിൻ്റെയും പേരിൽ പണം പിരിച്ച് വമ്പൻ അഴിമതി അരങ്ങേറുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. കേരളീയം വേദിക്ക് സമീപം ബിജെപിയുടെ പ്രതിഷേധവും അരങ്ങേറി. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആദ്യമേ നിരസിച്ചിരുന്നു.
കേരളീയം 2023ഉം നവ കേരള സദസും സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്‍ഷകര്‍, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉച്ചക്കഞ്ഞി പ്രതിസന്ധി, പെൻഷൻ കുടിശ്ശിക ഇതിനൊന്നും പണം നൽകാതെ 27 കോടി ചെലവാക്കി കേരളീയം നടത്തുന്നത് ദൂർത്ത് അല്ലാതെ മറ്റെന്താണ് എന്നും പ്രതിപക്ഷം ചോദിച്ചു.