IndiaPolitics

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും :രാഹുല്‍ ഗാന്ധി.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഇത്തവണ 145-150 സീറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മധ്യപ്രദേശിലെ വിദിഷയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് 1700 കോടി രൂപ വികസനത്തിനായി അയച്ചെങ്കിലും അത് ബി ജെ പിയുടെ അഴിമതിക്കാരായ മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശില്‍ വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ സുനാമി ആയിരിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയാണ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കോടികള്‍ നല്‍കി സര്‍ക്കാരിനെ താഴെയിറക്കിയെന്നും രാഹുല്‍ പറഞ്ഞു. ‘ജനങ്ങളുടെ തീരുമാനത്തെ തകര്‍ക്കാന്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കി. സംസ്ഥാനത്തെ യുവാക്കളെയും കര്‍ഷകരെയും ചെറുകിട വ്യവസായങ്ങളെയും അവര്‍ വഞ്ചിച്ചു, രാഹുല്‍ ഗാന്ധി പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ തിരഞ്ഞെടുത്തത് ബി ജെ പിയെ അല്ല, കോണ്‍ഗ്രസിനെയാണ്. മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിന്റെ ശബ്ദം ബി ജെ പി നേതാക്കളും പ്രധാനമന്ത്രിയും തകര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വായ്പകള്‍ എഴുതിത്തള്ളിയെങ്കിലും അധികകാലം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു എല്‍പിജി സിലിണ്ടറിന് കര്‍ണാടകയില്‍ 500 രൂപയും മധ്യപ്രദേശില്‍ ഇത് 1400 രൂപയുമാണ്.


ബി ജെ പി കൊള്ളയടിച്ച തുക സംസ്ഥാനങ്ങളിലെ കര്‍ഷകരിലേക്കും ജനങ്ങളിലേക്കും തിരികെ കൊണ്ടുവരാന്‍ കര്‍ണാടക, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മധ്യപ്രദേശില്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നാളെയാണ് മധ്യപ്രദേശില്‍ പരസ്യപ്രചരണം അവസാനിക്കുന്നത്.

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 2018 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ 116 ല്‍ എത്താന്‍ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *