അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം
തീരുമാനത്തിൽ അട്ടക്കുളങ്ങരിയിലെ വനിതാ ജീവനക്കാർ എതിർപ്പറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയിൽ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാൻ തീരുമാനം. തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയിൽ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവരും. പൂജപ്പുരയിൽ വനിതാ തടവുകാർക്ക് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കാനാണ് തീരുമാനം. പുതിയ തീരുമാനത്തിൽ അട്ടക്കുളങ്ങരിയിലെ വനിതാ ജീവനക്കാർ എതിർപ്പറിയിച്ചു.
2011വരെ പൂജപ്പുര സെൻട്രൽ ജയിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിത തടവുകാരെ പാർപ്പിച്ചിരുന്നത്. വനിതാ തടവുകാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും, ബന്ധുക്കളെത്തുമ്പോള് കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടർന്നാണ് അലക്സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരുന്നപ്പോള്‍ അട്ടക്കുളങ്ങരിയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്. നെയ്യാറ്റിൻകരയിലെ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരിയിലേക്ക് മാറ്റി. ജില്ലാ ജയിലായി പ്രവർത്തിച്ചിരുന്ന അട്ടക്കുളങ്ങരിയിലെ പുരുഷ തടവുകാരെ മറ്റ് ജയിലേക്ക് മാറ്റി. ഇപ്പോള്‍ 300 പേരെ പാർക്കിപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലുള്ളത് 35 വനിതാ തടവുകാർ മാത്രമാണ്. 727 പേരെ പാർക്കിപ്പിക്കാൻ സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ 1400 തടവുകാരുണ്ട്. ജില്ലാ ജയിലിലും തടവുകാരുടെ എണ്ണം കൂടുതലാണ്.