ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു
കൊല്ലം:∙ ഓയൂരിൽ കുട്ടിയെ കടത്തിയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഫോൺ കോൾ വന്നത് കൊല്ലം ജില്ലയിലെ നമ്പറിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിക്കായി അരിച്ചുപെറുക്കി പൊലീസ് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പൊലീസ് ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകളിലുൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്.