ലോക്സഭാ തിരഞ്ഞെടുപ്പിനു തന്ത്രങ്ങൾ മെനഞ്ഞു ബി ജെ പി.
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബി ജെ പി. കേരളത്തിലെ സ്ഥാനാർഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തിൽ മേൽക്കൈ നേടാനാണു പാർട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രനേതൃത്വം നിർദേശിച്ചുവെന്നാണു വിവരം.
.ഇന്നു തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമം ബിജെപിയുടെ പ്രചാരണത്തിന്റെ തുടക്കം കൂടിയാകും. 4 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ ഇറക്കിയതു വലിയ നേട്ടമായെന്നു നേതൃത്വം കരുതുന്നു. ഫെബ്രുവരി 20നകം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. കേരളം ഉൾപ്പെടുന്ന മേഖലയിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്.
കേരളത്തിൽ ബിജെപി ഊന്നൽ നൽകുന്ന 6 മണ്ഡലങ്ങളിൽ തൃശൂരിൽ സുരേഷ്ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കാനാണു സാധ്യത. തിരുവനന്തപുരത്തെ സ്ഥാനാർഥിയെ കേന്ദ്രനേതൃത്വം നേരിട്ടു തീരുമാനിക്കും. പുറത്തു നിന്നുള്ള പൊതുസമ്മതനെയായിരിക്കും പരിഗണിക്കുക. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ്.