കോച്ചിങ് സെന്ററുകൾക്ക് കൂച്ചുവിലങ്ങ്
ന്യൂഡല്‍ഹി:കോച്ചിങ് സെന്ററുകൾക്ക് കൂച്ചുവിലങ്ങുമായി കേന്ദ്രം.മത്സരപരീക്ഷകൾക്കായുള്ള കോച്ചിങ് സെന്ററുകളിൽ 16 വയസ്സിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാർ നിര്‍ദേശം. സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. റാങ്ക് അല്ലെങ്കില്‍ മികച്ച മാര്‍ക്ക് ഉറപ്പുനല്‍കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച നിയന്ത്രിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികൾ ജീവനൊടുക്കുന്ന സംഭവം, തീപിടിത്ത സംഭവങ്ങള്‍, പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ അഭാവം, കൂടാതെ പരിശീലന കേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന അധ്യാപന രീതികള്‍ എന്നിവയെക്കുറിച്ചുള്ള വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം