അങ്കമാലി ദേശത്തിന്റെ കാവ്യപ്പെരുമ
അങ്കമാലി :എന്‍.കെ.ദേശം കവിത ബാക്കിയാക്കി യാത്രയായി.
അങ്കമാലി : അങ്കമാലി ദേശത്തിന്റെ കാവ്യാനുശീലങ്ങളില്‍ എന്നും ഒപ്പം നടന്ന കവിയായിരുന്നു എന്‍.കെ.ദേശം. അക്ഷരശ്ലോക കളരിയിലും കവിയരങ്ങിനും എന്നും മുന്നില്‍ നിന്ന് സംഘടിപ്പിക്കുന്നത് ദേശത്തിന്റെ നേതൃത്വത്തിലായിരിക്കും. സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായ സമയത്ത് അങ്കമാലി സിഎസ്എയിലും കിടങ്ങൂര്‍ വിടിയുടെ ജന്മഗൃഹത്തിലും നടക്കുന്ന എല്ലാ പരിപാടികളുടെയും മുഖ്യ സംഘാടകനായിരുന്നു. വലിപ്പ ചെറുമില്ലാതെ എല്ലാ എഴുത്തുകാരെയും ചേര്‍ത്ത് നിര്‍ത്തുക മാത്രമല്ല ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി മുഖ്യധാരയില്‍ ഇടം നേടുന്ന തരത്തില്‍ പരിഗണന കൊടുക്കുവാന്‍ എന്നും ഉത്സാഹമായിരുന്നു. മുതിര്‍ന്ന കവികള്‍ക്കൊപ്പം ഇളമുറക്കാരെ പരിഗണിക്കുന്ന ശീലം തന്നെയാണ് ദേശത്തിന്റെ സവിശേഷത. നിങ്ങളില്‍ കാവ്യാനുശീലമുണ്ടോ, അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ തീര്‍ച്ചയായും അദ്ദേഹത്തിന്റെ സവിശേഷ പരിഗണന നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. അത് കവിയരങ്ങുകളില്‍ കവിത ചൊല്ലാന്‍ പരിഗണിക്കുന്നതിലൂടെയാകാം ആ സ്‌നേഹ പ്രകടനം. സാംസ്‌കാരിക പരിപാടികളില്‍ സമ്പന്നമായ സിഎസ്എയുടെയും വിടി ട്രസ്റ്റിന്റെയും പരിപാടികളുടെ മുന്നളിപ്പോരാളിയായി അദ്ദേഹം മുന്നിലുണ്ടാകും. വിടി സ്മാരക ട്രസ്റ്റും കാലടി സംസ്‌കൃത സര്‍വ്വകലാശാലമായുമായി സംയുക്തമായി വിടിയുടെ കിടങ്ങൂരിലെ ജന്മഗൃഹത്തില്‍ നടത്തിയ മൂന്ന് ദിവസത്തെ നാടക ക്യാമ്പില്‍ രാത്രികളെ പകലാക്കി കൊണ്ട് അക്ഷരശ്ലോക സദസ്സിന്റെ മുഖ്യ സൂത്രധാരനാകുന്നത് ഈ ലേഖകന് നേരിട്ട് അനുഭവമുള്ളതാണ്. അത് പോലെ ആര് പറഞ്ഞ് എന്ന് നോക്കാതെ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് മാത്രം നോക്കി കൊണ്ട് അതിനെ അംഗീകരിക്കാന്‍ കാണിക്കുന്ന മനസ്സ് വലുതാണ്. തങ്കച്ചന്‍ വര്‍ഗ്ഗീസിന്റെ ഗാന്ധാരം എന്ന കവിതാ സമാഹാരത്തിന് ഒരു ആസ്വാദനക്കുറിപ്പ് എഴുതി കൊടുത്തപ്പോള്‍ എന്‍.കെ.ദേശം സാറായിരുന്നു അതിന് അവതാരിക എഴുതിക്കൊടുത്തത്. ലേഖകന്‍ ആസ്വാദനക്കുറിപ്പില്‍ പറഞ്ഞ പ്രധാന കാര്യം ക്വോട്ട് ചെയ്ത് കൊണ്ടാണ് അവതാരിക പൂര്‍ത്തീയാകിയത്. പല സാഹിത്യ പരിപാടികളിലും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും പറയത്തക്ക അടുപ്പം ലേഖകനുമായില്ലായിരുന്നു എന്നിട്ടും പറഞ്ഞതിന്റെ മേന്മയില്‍ മാത്രമാണ് ആ ചേര്‍ത്ത്് നിറുത്തല്‍ സംഭവിക്കുന്നത്.
1936 ഒക്ടോബര്‍ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പടിഞ്ഞാറെ വളപ്പില്‍ പി.കെ.നാരായണ പിള്ളയും മാതാവ് പൂവത്തുംപടവില്‍ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തില്‍ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി.പരമേശ്വരന്‍പിള്ള സ്വര്‍ണ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ സേവനമനുഷ്ഠിച്ചു.
കവിതയെന്നല്‍ വൃത്തത്തിലധിഷ്ഠിതമായിരിക്കണമെന്ന് ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴും വൃത്തമില്ലാത്ത കവിതകള്‍ കേള്‍ക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും മനസ്സ് വെച്ചിരുന്നു. താളത്തിലധിഷ്ഠിതമായ കവിതകള്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ രചനകള്‍ അധികവും. സാമൂഹ്യ വിഷയങ്ങളില്‍ തന്റെ പ്രതികരണമെന്ന നിലയ്ക്ക് ആക്ഷേപഹാസ്യത്തിന്റെ തണലില്‍ കവിതകള്‍ ചമയ്ക്കുമ്പോള്‍ അത് കുറിക്കുള്ളുന്നതരത്തിലായിരിക്കും.
അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികള്‍, മുദ്ര, ഗീതാഞ്ജലി(വിവര്‍ത്തനം) എന്നിവയാണ് പ്രധാന കൃതികള്‍. 1982 ല്‍ ഉല്ലേഖത്തിന് ആദ്യ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. മുദ്ര എന്ന കവിതാസമാഹാരത്തിന് 2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉള്ളൂര്‍, ആശാന്‍, വെണ്ണിക്കുളം, നാലപ്പാട്ട് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എ. സെബാസ്റ്റ്യന്‍