BreakingKeralaPolitics

മുന്‍ എംപി പി.കെ. ബിജു ഇ.ഡി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരായി

എറണാകുളം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ എംപി പി.കെ. ബിജു ഇ.ഡി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരായി. രാവിലെ പത്തു മണിയോടെ കൊച്ചി ഓഫിസില്‍ ഹാജരായ ബിജു നോട്ടിസ് ലഭിക്കുന്നത് ആദ്യമാണെന്നും ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

കേസിൽ നേരത്തേ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻ ബിജുവിനെതിരെ മൊഴി നൽകിയിരുന്നു. സതീഷ് കുമാർ ബിജുവിന് 2020ൽ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നുവെന്നാണ് മൊഴി. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിലെ പ്രധാനപ്പെട്ട നേതാക്കൾക്കു ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്.

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാനുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നു ബിജു. അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകള്‍, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങളാണ് ബിജുവില്‍നിന്ന് ഇ.ഡി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *