നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി.
കൊച്ചി : പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. എട്ടു മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായ യുവതി കയ്യിൽ കിട്ടിയ കവറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്കിടുകയായിരുന്നു. യുവതി ജീവനൊടുക്കാൻ തുനിഞ്ഞെന്നും മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിന്റെ അമ്മയായ അവിവാഹിതയായ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ളാറ്റിൽ നിന്നാണ് പിറന്നു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇതേ ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കൾ ഗർഭധാരണവും പ്രസവവും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഫ്ളാറ്റിലെ ശുചിമുറിയിൽ വെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് നവജാത ശിശുവിൻ്റെ മൃതദേഹം പാർസൽ കവറിൽ പൊതിഞ്ഞ നിലയിൽ തെരുവിൽ കണ്ടെത്തിയത്.
അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില് അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ പറഞ്ഞു.