BreakingKeralaOthers

കർശന നിർദേശവുമായി സിറോ മലബാർ സഭ

ജൂലൈ 3നു ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു.

കൊച്ചി∙ എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കർശന നിർദേശവുമായി സിറോ മലബാർ സഭ. ജൂലൈ 3നു ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്.
ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്നു ഫ്രാൻസിസ് മാര്‍പാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരു തവണ വിഡിയോ സന്ദേശത്തിലൂടെ നേരിട്ടും ആവശ്യപ്പട്ടതാണെന്നു സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത കുർബാന അർപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത വൈദികർക്ക് ജൂലൈ നാലാം തീയതി മുതൽ പൗരോഹിത്യ ശുശ്രൂഷയിൽനിന്നു വിലക്കേർപ്പെടുത്തും. ഇത് എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കും. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്കു സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.ജൂലൈ മൂന്നിനുശേഷം ഏകീകൃത രീതിയിൽ അല്ലാതെ അർപ്പിക്കുന്ന കുർബാനയിൽനിന്നു വിട്ടുനിൽക്കണമെന്ന് അതിരൂപതാ സഭാംഗങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

ഏതാനും വൈദികരും അൽമായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണു സഭയിലെ കുര്‍ബാന തര്‍ക്കം ഇത്രമാത്രം സങ്കീര്‍ണമാക്കിയതെന്നും സഭാ സംവിധാനത്തെയും അധികാരികളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാസഭാ കൂട്ടായ്മയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *