ജീവന്റെ തുടിപ്പ് തേടി
തിരുവനന്തപുരം∙ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ.ജോയിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു.തോട് വൃത്തിയാക്കുന്ന ജോലി സംബന്ധിച്ചു മേയറും റെയിൽവേ അധികൃതരും തമ്മിലുള്ള തർക്കം മുറുകുമ്പോഴും, തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ.ജോയിയെ ക്കുറിച്ച് യാതൊരു വിവരവുമില്ല.ശരീരഭാഗം റോബട്ട് സ്ക്രീനിൽ കണ്ടെത്തിയെന്ന് സൂചനയുണ്ട്.മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിനുള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്ന് ഫയർഫോഴ്സ് ഡിജിപി കെ.പദ്മകുമാർ പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി .
മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയ്. 3 ദിവസം മുൻപാണ് ജോലിക്കായി അതിഥി തൊഴിലാളികളോടൊപ്പം ജോയ് എത്തിയത്. കനത്ത മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിൽനിന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തെങ്കിലും രക്ഷിക്കാനായില്ല.
ജോയിയെ കാണാതായ സ്ഥലം മുതൽ റെയിൽവേ സ്റ്റേഷനിലെ മൂന്ന്, നാല് ട്രാക്കുകളുടെ ഭാഗംവരെ അഴുക്കുചാലിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ കടന്നുപോകുന്ന അഴുക്കുചാലിന്റെ 40 മീറ്ററോളം ഭാഗത്താണ് തിരച്ചിൽ നടത്തിയത്. മാൻഹോളിലൂടെയാണ് രക്ഷാപ്രവർത്തകർ അഴുക്കുചാലിന് ഉള്ളിലേക്ക് ഇറങ്ങിയത്. ഇനി നാല് അഞ്ച് ട്രാക്കുകളുടെ ഭാഗത്തേക്ക് തിരച്ചിൽ നടത്തും. എൻഡിആർഎഫും ഫയർഫോഴ്സുമാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ജോയിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്