യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി∙ പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ – മന്ത്രി കൂട്ടിച്ചേർത്തു.
ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത.