കുണ്ടന്നൂർ– തേവര പാലത്തിലെ യാത്ര ക്ലേശം തുടരുന്നു
എറണാകുളം :+കുണ്ടന്നൂർ– തേവര പാലത്തിലെ യാത്ര ക്ലേശം തുടരുന്നു. റോഡിലെ കുഴികൾ ഓരോ മഴയിലും വലുതായി വരികയാണ്. കുഴികളിൽ വീഴാതിരിക്കാൻ പതുക്കെ പോകുന്നതിനാൽ ഏത് സമയത്തും വലിയ രീതിയിൽ ബ്ലോക്ക് ആണ് പാലത്തിൽ.. 3 മാസത്തിനുള്ളിൽ 3 പ്രാവശ്യമാണ് പാലത്തിലെ കുഴികൾ അടച്ച് ടാർ ചെയ്ത്. എല്ലാം മഴയിൽ ഒലിച്ചു പോയി. മഴയ്ക്കു മുൻപ് മേയ് 17നാണ് ആദ്യം ചെയ്തത്. അതു പൊളിഞ്ഞതോടെ ജൂൺ 16നും ഒടുവിൽ 20 രാത്രി മുതൽ 23 രാവിലെ വരെ പാലം അടച്ചിട്ട് കുഴി മൂടി.
ജനത്തെ വലച്ചുകൊണ്ട് വഴിപാടു പോലെ നടത്തിയ ടാറിങ്ങിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പാലത്തിൽ അരി വറുത്താണ് നാട്ടുകാർ പ്രതിഷേധിച്ചത്. പാലംപണിയിലെ അപാകതയിൽ മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനു നിവേദനം നൽകിയിരുന്നു. അറ്റകുറ്റപ്പണിയിലെ അപാകത അന്വേഷിച്ച് പരിഹരിക്കാൻ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്കു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പാലം ടാറിങ്ങിന്റെ കാര്യത്തിൽ നിരുത്തരവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ മുൻ ഉപാധ്യക്ഷൻ ബോബൻ നെടുംപറമ്പിൽ വിജിലൻസിൽ പരാതി നൽകി.
നടപ്പാതയിലിട്ട മാലിന്യം ദേശീയ പാത അധികൃതർ നീക്കം ചെയ്തു. നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ഇന്ന് നീക്കം ചെയ്യുമെന്ന് മരട് നഗരസഭാധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മാലിന്യക്കുന്നുകൾ നീക്കം ചെയ്തത് ആശ്വാസമായെന്ന് കാൽനട യാത്രികർ പറഞ്ഞു.