ആലപ്പുഴ നവജാത ശിശുവിൻ്റെ മരണം കൊലപാതകം
പിഞ്ചുകുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്നാണ് പ്രാധമിക നിഗമനം. എന്നാൽ കൂടുതൽ തെളിവുകൾ ലഭിക്കാതെ ഉറപ്പിക്കാൻ സാധിക്കില്ല.
ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ മൂന്ന് പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ മൊഴിയാണ് കേസിന് കൂടുതൽ സഹായകമായത്. പിഞ്ചുകുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്നാണ് പ്രാധമിക നിഗമനം. എന്നാൽ കൂടുതൽ തെളിവുകൾ ലഭിക്കാതെ ഉറപ്പിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിൻ്റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിൻ്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആൺ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്ന് അന്വേഷണ സംഘം പറയുന്നു.